ISLAM QUIZ

സ്വഹാബ

അബ്ദുല്ലാഹിബ്നു ഹുദാഫ (റ)

“അബ്ദുല്ലാഹിബ്നു ഹുദാഫ യുടെ തലചുംബിക്കല്‍ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. ഞാനിതാ ഉത്ഘാടനം ചെയ്യുന്നു” (ഉമറുബ്നുല്‍ ഖത്ത്വാബ് (റ)). മറ്റു ലക്ഷക്കണക്കിന് അറബിക ളെയെന്നപോലെ അബ്ദുല്ലാഹിബ്നു ഹുദാഫഃയെയും ചരിത്രത്താളുകള്‍ക്ക് അവഗണിക്കാമായി രുന്നു. പക്ഷേ, അക്കാലത്തു ലോകത്തെ ഏറ്റവും വലിയ രണ്ടു രാജാക്കന്മാരായ കിസ്റായെയും ഖൈസറിനെയും അഭിമുഖീകരിക്കാനുള്ള അവസരം മഹത്തായ ഇസ്ലാം അദ്ദേഹത്തിന് ഒരുക്കി ക്കൊടുത്തു.

ആ കൂടിക്കാഴ്ച കാലം തങ്കലിപികളില്‍ ഉല്ലേഖനം ചെയ്തിരിക്കുന്നു. ചരിത്രം അതെന്നും പാടിപ്പു കഴ്ത്തിക്കൊണ്ടിരിക്കും.

കിസ്റയുമായി ബന്ധപ്പെട്ട സംഭവം ഇപ്രകാരമാണ്. ഘിജ്റഃയുടെ ആറാം വര്‍ഷം. റസൂലല്ലാഹി (സ്വ) അറബികളല്ലാത്ത രാജാക്കന്മാര്‍ക്കെല്ലാം ഇസ്ലാമിലേക്കു ക്ഷണിച്ചു കൊണ്ടു കത്തയക്കാന്‍ തീരുമാനിച്ചു. കാര്യം സങ്കീര്‍ണ്ണമാണ്. കാരണം, ഈ ദൂതുമായയക്കപ്പെടുന്നവര്‍ മുന്‍പരിചയമി ല്ലാത്ത വിദൂര രാജ്യങ്ങളിലേക്കാണ് പോകേണ്ടത്. അവിടുത്തെ ഭാഷ അവര്‍ക്കന്യമാണ്, രാജാക്ക ന്മാരുടെ സ്വഭാവം അനുമാനിക്കാന്‍ വയ്യ. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ അവര്‍ നിര്‍വ്വഹിക്കേണ്ടത് അതിമഹത്തായ ഒരു ദൌത്യമാണ്.

രാജാക്കന്മാരെ സ്വന്തം മതങ്ങള്‍ ത്യജിക്കാന്‍, അഭിമാനവും അധികാരവും വിട്ടൊഴിയാന്‍, ഇന്നലെ വരെ തങ്ങളുടെ അണികളായിരുന്ന ഒരു വിഭാഗത്തിന്റെ മതത്തിലേക്കു കടന്നു വരാന്‍ സന്നദ്ധരാ ക്കണം. സംശയമില്ല, ഇതൊരു അപകടം പിടിച്ച യാത്രയാണ്. ജീവനോടെ തിരിച്ചു വന്നവന്‍ വന്നു എന്നുമാത്രം. അതുകൊണ്ടു തന്നെ നേതൃഗുണങ്ങളെല്ലാം ഒത്തുചേര്‍ന്ന നബി(സ്വ) സ്വഹാബ ത്തിനെ മുഴുവന്‍ വിളിച്ചു ചേര്‍ത്ത് പറഞ്ഞു.

“നിങ്ങളില്‍ നിന്നും ചിലരെ രാജക്കന്മാരുടെ അടുക്കലേക്കയക്കാന്‍ ഉദ്ദേശിക്കുന്നു. ഈസാ നബി (അ) കല്‍പിച്ചപ്പോള്‍ പുറം തിരിഞ്ഞ ബനൂ ഇസ്രാഈല്യരെപ്പോലെ എന്റെ വാക്കുകള്‍ നിങ്ങള്‍ ധിക്കരിക്കരുത്”. സ്വഹാബത്ത് പ്രതിവചിച്ചു. “റസൂലേ, അവിടുന്നെന്തു കല്‍പിച്ചാലും അതു നിറ വേറ്റാന്‍ ഞങ്ങള്‍ പരിപൂര്‍ണ്ണ സന്നദ്ധരാണ്. എവിടേക്കു വേണമെങ്കിലും അയച്ചാലും”

റസൂലുല്ലാഹി(സ്വ)ആറു സ്വഹാബികളെ തിരഞ്ഞെടുത്തു. അബ്ദുല്ലാഹിബ്നു ഹുദാഫഃ അസ്സഹ്മീ (റ) ആയിരുന്നു അതിലൊരള്‍. പേര്‍ഷ്യന്‍ രാജാവായ കിസ്റക്കാണു അവര്‍ കത്തു കൈമാറേണ്ടത്.

അബ്ദുല്ലാഹിബ്നു ഹുദാഫഃ (റ) വാഹനം തയ്യാറാക്കി. ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞു. ലക്ഷ്യം വിദൂരമാണ്. വഴിനീളെ കുന്നുകളും കുണ്ടുകളും. കൂട്ടിനായി അല്ലാഹു മാത്രം…അവ സാനം അദ്ദേഹം പേര്‍ഷ്യാ രാജ്യത്തെത്തിച്ചേര്‍ന്നു. രാജസേവകരെ നേരില്‍ കണ്ട് കയ്യിലുള്ള ക ത്തിന്റെ കാര്യം ധരിപ്പിച്ചു. രാജാവിനെ കാണണമെന്നാണാവശ്യം.

അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) യുടെ ദൂതിനെക്കുറിച്ചു വിവരം ലഭിച്ച ഉടനെ തങ്ങളുടെ ആരാധ നാമൂര്‍ത്തിയായ അഗ്നികുണ്ഡം അലങ്കരിക്കാന്‍ രാജാവ് കല്‍പിച്ചു. പേര്‍ഷ്യയിലെ മുതിര്‍ന്ന നേ താക്കളെല്ലാം രാജസദസ്സില്‍ നിറഞ്ഞിരിക്കുന്നു. നാട്ടിലെ മുഴുവന്‍ പ്രധാനികളും ഹാജരുണ്ട്. സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത. അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) രാജസദസ്സിലേക്ക് ആന യിക്കപ്പെട്ടു. ജാടകളൊന്നുമില്ലാതെയാണദ്ദേഹം കടന്നുവരുന്നത്. ലളിതമായ വസ്ത്രവും പരുക്കന്‍ മേല്‍മുണ്ടും. മുഖത്ത് അറബികളുടെ നിഷ്കളങ്കത കളിയാടുന്നു. ആജാനുബാഹുവായിരുന്നു അദ്ദേഹം. അരോഗദൃഢഗാത്രന്‍. ഹൃദയത്തിനുള്ളില്‍ ഇസ്ലാമിന്റെ അഭിമാനം നിറഞ്ഞുനില്‍ക്കു ന്നു. ആര്‍ക്കു മുമ്പിലും തലകുനിക്കാത്ത ഈമാനിക തേജസ്സ് വെട്ടിത്തിളങ്ങുന്ന തിരുനെറ്റി.

അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) രാജാവിനു നേരെ നടന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ കത്തു വാ ങ്ങിക്കൊണ്ടു വരാന്‍ രാജാവ് സേവകനോട് കല്‍പിച്ചു. അബ്ദുല്ലാഹ് (റ) പറഞ്ഞു:

“പറ്റില്ല! വന്ദ്യരായ റസൂലുല്ലാഹി(സ്വ) കല്‍പിച്ചത് രാജാവിന് നേരിട്ട് കത്തു നല്‍കാനാണ്. റസൂ ലുല്ലാഹി(സ്വ) യുടെ ഒരു കല്‍പനയും ധിക്കരിക്കാന്‍ സാധ്യമല്ല”. കിസ്റാ ചക്രവര്‍ത്തി പറഞ്ഞു. “അദ്ദേഹത്തെ വിട്ടേക്കൂ! എന്റയടുത്തേക്ക് വന്നു കൊള്ളട്ടെ!”

ഇബ്നു ഹുദാഫഃ(റ) ചക്രവര്‍ത്തിയുടെ കയ്യില്‍ കത്ത് ഏല്‍പിച്ചു. രാജാവിന് അറബി ഭാഷ വശ മില്ല. ഇറാഖുകാരനായ ഗുമസ്തനെ വിളിച്ച് തന്റെ മുമ്പില്‍ വെച്ച് തന്നെ കത്ത് വായിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. അയാള്‍ വായിച്ചു.

‘റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതനായ മുഹമ്മദില്‍ നിന്ന് പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്റക്ക്, സന്‍മാര്‍ഗ്ഗം സ്വീകരിച്ചവര്‍ക്ക് രക്ഷ….’

ഇത്രയും വായിച്ചതേയുള്ളൂ, കിസ്റാ പൊട്ടിത്തെറിച്ചു. മുഖം ചുവന്നു തുടുത്തു. കണ്ഠ ഞര മ്പുകള്‍ വീര്‍ത്തു. മുഹമ്മദ് സ്വന്തം പേര് കൊണ്ടാണ് കത്ത് തുടങ്ങിയത്…!! ഗുമസ്തന്റെ കയ്യില്‍ നിന്ന് കത്ത് പിടിച്ച് വാങ്ങി തുണ്ടം തുണ്ടമായി കീറിക്കളഞ്ഞു. ഉള്ളടക്കം ഗ്രഹിക്കാന്‍ പോലും അയാള്‍ സാവകാശം കാണിച്ചില്ല. കിസ്റാ ആക്രോശിച്ചു: “എനിക്ക് ഇങ്ങനെ എഴുതുകയോ! അയാള്‍ എന്റെ അടിമയല്ലേ”. കൂടെ അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) അപഹാസ്യനായി സദസ്സില്‍ നിന്ന് പുറത്താക്കപ്പെട്ടു.

അബ്ദുല്ലാഹ്(റ) കൊട്ടാരത്തില്‍ നിന്നു പുറത്തു വന്നു. ഇനി എന്തു സംഭവിക്കും….ഒരു പിടിയു മില്ല. വധിക്കപ്പെടുമോ അതോ സ്വതന്ത്രനായി പോകാന്‍ സാധിക്കുമോ. അനിശ്ചിതത്വത്തിന്റെ നിമിഷങ്ങള്‍. പെട്ടന്നദ്ദേഹം തീരുമാനിച്ചു. ഇനി എന്തു സംഭവിച്ചാലും കുഴപ്പമില്ല. റസൂലുല്ലാഹി ഏല്‍പിച്ച ദൌത്യം വേണ്ട വിധം പൂര്‍ത്തീകരിച്ചുവല്ലോ. അദ്ദേഹം തന്റെ വാഹനപ്പുറത്തു കയറി യാത്രയായി. കിസ്റയുടെ കലി അല്‍പമൊന്നടങ്ങി. അബ്ദുല്ലാഹ്(റ) വിനെ സദസ്സിലേക്കു കൊ ണ്ടുവരാന്‍ ഉത്തരവുണ്ടായി. ഭടന്മാര്‍ പുറത്തു വന്നന്വേഷിച്ചു. പക്ഷേ, അദ്ദേഹത്തെ കണ്ടില്ല.

അറേബ്യന്‍ ഉപദ്വീപ് വരെ അവര്‍ അദ്ദേഹത്തെ അനേഷിച്ചു. പക്ഷേ, അവര്‍ രക്ഷപ്പെട്ടു കഴിഞ്ഞി രുന്നു. അബ്ദുല്ലാഹ്(റ) മഹാനായ നബി(സ്വ) യെ സമീപിച്ചു. നടന്ന സംഭവങ്ങളെല്ലാം വിശദമായി കേള്‍പ്പിച്ചു. കത്തു പിച്ചിച്ചീന്തിയ സംഭവം കേട്ടു നബി (സ്വ) ഇത്രയും പറഞ്ഞു: “അല്ലാഹു അവന്റെ അധികാരം പിച്ചിച്ചീന്തട്ടെ!”

അതേസമയം, കിസ്റാ ചക്രവര്‍ത്തി, യമനിലെ ഗവര്‍ണ്ണര്‍ ‘ബാദാന്‍’ എന്നയാള്‍ക്ക് എഴുതി: ‘ഹിജാസില്‍ പ്രത്യക്ഷപ്പെട്ട ആ മനുഷ്യന്റെ അടുത്തേക്കു ശക്തരായ രണ്ടു പേരെ അയക്കുക! അ യാളോട് എന്റെ അടുത്തു ഹാജരാകാന്‍ പറയുക!’ ഉത്തരവനുസരിച്ചു ബാദാന്‍ അനുയായികളില്‍ നിന്നു കാര്യപ്രാപ്തിയുള്ള രണ്ടു പേരെ അയച്ചു. കിസ്റാ ചക്രവര്‍ത്തിയെ മുഖം കാണിക്കാന്‍ എത്രയും പെട്ടെന്ന് ആ രണ്ടു പേരോടൊപ്പം പുറപ്പെടണമെന്നായിരുന്നു റസൂലുല്ലാഹിക്കുളള കല്‍പന.

രണ്ടു പേരും അതിശീഘ്രം യാത്രയായി. ത്വാഇഫില്‍ ഖുറൈശീ കച്ചവടക്കാരെ അവര്‍ കണ്ടുമുട്ടി. മുഹമ്മദ് നബി(സ്വ) യെ കുറിച്ചു ചോദിച്ചപ്പോള്‍ യസ്രിബിലാണെന്നാണ് അറിഞ്ഞത് .(മദീനയുടെ അന്നത്തെ പേര്‍ യസ്രിബ് എന്നായിരുന്നു.) ദൂതന്മാരുടെ ഉദ്ദേശമറിഞ്ഞ കച്ചവട സംഘം ആനന്ദ നൃത്തം ചവിട്ടി. ഖുറൈശികളോട് സന്തോഷ വാര്‍ത്ത വിളിച്ചു പറഞ്ഞു.

“ഹ, ഖുറൈശികളേ! സന്തോഷിക്കുക, പേര്‍ഷ്യന്‍ ചക്രവര്‍ത്തിയിതാ മുഹമ്മദിനെതിരെ തിരിഞ്ഞി രിക്കുന്നു. അവന്റെ ശല്യം അവസാനിക്കാന്‍ പോകുന്നു”. ദൂതന്മാര്‍ മദീനയിലെത്തി. നബി(സ്വ) യെ ചെന്നുകണ്ട് കത്തു നല്‍കിയ ശേഷം പറഞ്ഞു:

“രാജാധിരാജന്‍ കിസ്റാ ചക്രവര്‍ത്തി ഞങ്ങളുടെ രാജാവ് ബാദാന് എഴുതിയതു പ്രകാരമാണു ഞങ്ങള്‍ വന്നത്. ഞങ്ങളുടെ കൂടെ വരാന്‍ നിങ്ങള്‍ സന്നദ്ധനാണെങ്കില്‍ കിസ്റാ ചക്രവര്‍ത്തി യോടു ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാം. അദ്ദേഹം ഒന്നും ചെയ്യില്ല… മറിച്ചു നിങ്ങള്‍ ധി ക്കാര മനോഭാവമാണു കൈകൊളളുന്നതെങ്കില്‍ കിസ്റയെകുറിച്ചു നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങ ളെയും നിങ്ങളുടെ സമൂഹത്തെയും തകര്‍ത്തുകളയാന്‍ കെല്‍പുളളയാളാണദ്ദേഹം.

പ്രവാചക പ്രഭു(സ്വ) പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“നിങ്ങള്‍ ഇപ്പോള്‍ പോവുക! നാളെ വരിക!”

പിറ്റേന്ന് രാവിലെ തന്നെ അവര്‍ ചോദിച്ചു.

“കിസ്റാ ചക്രവര്‍ത്തിയെ കാണാന്‍ ഞങ്ങളുടെ കൂടെ വരാന്‍ നിങ്ങള്‍ തീരുമാനിച്ചുവോ?”

നബി(സ്വ) പറഞ്ഞു.

“ഇനി നിങ്ങള്‍ക്കു കിസ്റായെ കാണുക സാധ്യമല്ല. അല്ലാഹു (സു.ത) അവനെ തന്റെ മകന്‍ മു ഖേന വധിച്ചിരിക്കുന്നു. മകന്‍ ശീറവൈഹി ഇന്ന മാസം ഇന്ന രാത്രി പിതാവിനെ കൊന്നിരി ക്കുന്നു.”

അവര്‍ നബി(സ്വ) യുടെ മുഖത്തേക്ക് മിഴിച്ച് നോക്കി. പരിഭ്രമിച്ചിരിക്കുന്നു എന്ന് അവരെ കണ്ടാ ലറിയാം. അവര്‍ പൊട്ടിത്തെറിച്ചു “മുഹമ്മദ്, എന്താണ് പറയുന്നതെന്നോര്‍മയുണ്ടോ. ഈ ധിക്കാരം ഞങ്ങള്‍ ബാദാന്‍ രാജാവിന് എഴുതാന്‍ പോവുകയാണ്.”

നബി(സ്വ) പറഞ്ഞു: “ശരി…എഴുതാം. കൂടെ ഇതു കൂടി എഴുതുക. എന്റെ മതം ഇസ്ലാം വൈ കാതെത്തന്നെ കിസ്റായുടെ വിസ്തൃത ഭരണ പ്രദേശങ്ങളിലെല്ലാം എത്തും. മുസ്ലിമാകുന്ന പക്ഷം അധികാരം നിനക്ക് തന്നെ തരികയും നിന്നെ ജനങ്ങള്‍ക്ക് രാജാവായി വാഴിക്കുകയും ചെയ്യും.”

രണ്ട് പേരും തിരുസന്നിധിയില്‍ നിന്ന് ബാദാന്‍ രാജാവിനടുത്തേക്ക് പുറപ്പെട്ടു. അവിടെയെത്തി സംഭവങ്ങളെല്ലാം വിശദീകരിച്ചു കൊടുത്തു. എല്ലാം കേട്ട് ബാദാന്‍ പറഞ്ഞു: “മുഹമ്മദ് പറയുന്നത് ശരിയാണെന്ന് തെളിയുന്ന പക്ഷം അവന്‍ പ്രവാചകന്‍ തന്നെയാണ്. അല്ലെങ്കില്‍ നമുക്ക് അപ്പോള്‍ തീരുമാനിക്കാം.” അധികം വൈകിയില്ല. കിസ്റായുടെ മകന്‍ ശീറവൈഹിയുടെ കത്ത് വന്നു. അ തിലെ വരികള്‍ ഇങ്ങനെ വായിക്കാം.

‘ഞാന്‍ കിസ്റായെ വധിച്ചിരിക്കുന്നു. നമ്മുടെ ജനതക്ക് വേണ്ടിയുളള പ്രതികാരമാണത്. അദ്ദേഹം ജനങ്ങളില്‍ നിന്ന് ഉന്നതന്മാരായ പലരെയും കൊല്ലുകയും സ്ത്രീകളെ ബന്ദികളാക്കുകയും സമ്പത്ത് കൊളളയടിക്കുകയും ചെയ്തിട്ടുണ്ട്. ഇനി മുതല്‍ എന്റെ രാജാനുവര്‍ത്തികളാകാന്‍ ജനങ്ങളോട് വിളംബരം ചെയ്യുക’.

ബാദാന്‍ രാജാവ് ശീറവൈഹിയുടെ കത്ത് വലിച്ചെറിഞ്ഞു. പരസ്യമായി ഇസ്ലാം മതം ആശ്ളേ ഷിച്ചു. ഒപ്പം യമനിലുണ്ടായിരുന്ന പേര്‍ഷ്യക്കാരെല്ലാം മുസ്ലിംകളായി.

ഉമറുബ്നുല്‍ഖത്ത്വാബ്(റ) വിന്റെ ഭരണ കാലം. ഇസ്ലാമിക സാമ്രാജ്യം വിസ്തൃതി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ആയിടക്കാണ് റോമന്‍ ചക്രവര്‍ത്തി കൈസറുമായി ബന്ധപ്പെട്ട സംഭവം നട ക്കുന്നത്. ഉദ്വേഗജനകവും ആകാംക്ഷാ നിര്‍ഭരവുമായിരുന്നു അത്.

ഹിജ്റഃ പത്തൊമ്പതാം വര്‍ഷം….റോമുമായി യുദ്ധം ചെയ്യാന്‍ വേണ്ടി ഒരു സൈന്യത്തെ യാത്ര യാക്കുകയാണ് ഉമര്‍(റ). ആ സൈന്യത്തില്‍ ഹുദൈഫഃ(റ)വുമുണ്ട്…റോമാ ചക്രവര്‍ത്തി സീസ ര്‍ക്ക് മുസ്ലിം സൈന്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മുസ്ലിംകള്‍ അടിയുറച്ച ഈമാനും അപഞ്ചലമായ വിശ്വാസവും കൈമുതലുളളവരാണെന്നും അല്ലാഹുവിന്റെയും റസൂലി ന്റെയും മാര്‍ഗ്ഗത്തില്‍ സ്വശരീരം ബലിയര്‍പ്പിക്കാന്‍ വിമ്മിഷ്ടമില്ലാത്തവരാണെന്നും അദ്ദേഹം മന സിലാക്കിയിരുന്നു. തന്മൂലം ഏതെങ്കിലും മുസ്ലിംകള്‍ ബന്ദികളാക്കപ്പെട്ടാല്‍ അവരെ കൊല്ലാതെ തന്റെ മുമ്പില്‍ ഹാജരാക്കണമെന്നദ്ദേഹം വിളംബരം ചെയ്തു.

അല്ലാഹുവിന്റെ വിധി… അബ്ദുല്ലാഹിബ്നു ഹുദാഫഃ (റ) വിനെ റോമക്കാര്‍ ബന്ദിയാക്കി… അവര്‍ അദ്ദേഹത്തെ ഖൈസര്‍ രാജാവിന്റെ സന്നിധിയിലെത്തിച്ചു പറഞ്ഞു: “ഇയാള്‍ മുഹമ്മദിന്റെ ആളാണ്. പഴയ കാലത്തു തന്നെ മുസ്ലിമായിട്ടുണ്ട്”. ചക്രവര്‍ത്തി അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) വിന്റെ മുഖത്തേക്ക് കുറെനേരം നോക്കിയിരുന്നു…പിന്നെ വാചാലനായി. “ഞാന്‍ നിന്നോടൊരു കാര്യം പറയാന്‍ പോവുകയാണ്”.

ഇബ്നു ഹുദാഫഃ(റ) ചോദിച്ചുഃ “എന്താണത്”.

സീസര്‍ പറഞ്ഞു: “നീ കൃസ്ത്യാനിയാവുക. എന്നാല്‍ നിന്നെ സുരക്ഷിതനായി വിടുകയും എല്ലാ സൌകര്യങ്ങളും ചെയ്തുതരികയും ചെയ്യാം”. അബ്ദുല്ലാഹി(റ) രോഷാകുലനായി. “അസാധ്യം!!, കൃസ്ത്യാനിസം സ്വീകരിക്കാത്തതിന്റെ പേരില്‍ ആയിരം വട്ടം മരിക്കേണ്ടിവന്നാലും ഞാന്‍ ആ മരണത്തെ സ്വാഗതം ചെയ്യുന്നു”.

സീസര്‍ വീണ്ടും പറഞ്ഞു:

“നീ കാര്യബോധമുളളവനാണെന്ന് ഞാന്‍ കരുതുന്നു. അത് കൊണ്ട് ഞാന്‍ പറഞ്ഞതനുസരിച്ചാല്‍ എന്റെ രാജാധികാരം കൂടി ഭാഗിച്ചു തരാന്‍ ഞാന്‍ തയ്യാറാണ്!”

ഇബ്നു ഹുദാഫഃ(റ) പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അല്ലാഹുവാണ് സത്യം! നിങ്ങളുടെ മുഴുവന്‍ അധികാരവും എന്നല്ല അറബികളുടെ കൈവശമുളള മുഴുവന്‍ വില പിടിച്ച വസ്തുക്കളും എനിക്ക് തരികയാണെങ്കിലും ഒരു നിമിഷം പോലും മുഹമ്മദ് നബിയുടെ മതത്തില്‍ നിന്ന് വിട്ടുനില്‍ക്കുക സാധ്യമല്ല”.

 

അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)

“ഖുര്‍ആന്‍ തനിമയോടെ പാരായണം ചെയ്യണമെന്നുണ്ടോ? ഇബ്നുഉമ്മിഅബ്ദി(ഇബ് നുമസ്ഊദ്)ന്റെ പാരായണമനുകരിച്ചു കൊള്ളുക”. മുത്തുനബി(സ്വ).

ബാല്യം വിട്ടുമാറാത്ത ഓമന വിജനമായ മേച്ചില്‍ പുറങ്ങളില്‍ ആട്ടിന്‍പറ്റത്തെയും തെ ളിച്ചു നടക്കുന്നു. ഖുറൈശി പ്രമുഖനായ ഉഖ്ബത്തുബ്നു മുഐത്വിന്റേതാണ് ആടുകള്‍. കൊച്ചിടയന്റെ പേര്‍ അബ്ദുല്ലാഹ്. പിതാവ് മസ്ഊദ്. പക്ഷേ, ഉമ്മുഅബ്ദിന്റെ മകന്‍ എന്ന് മാതാവിലേക്ക് ചേര്‍ത്താണ് നാട്ടുകാര്‍ വിളിക്കുന്നത്.

സ്വന്തം ജനതയില്‍ ഒരാള്‍ പ്രവാചകനാണെന്ന് വാദിക്കുന്നുവെന്ന ശ്രുതി ആ ബാലന്റെ ചെവിയിലും എത്തിയിട്ടുണ്ട്. പക്ഷേ, അതൊന്നും പ്രാധാന്യമുള്ളതായി ഉള്‍ക്കൊള്ളാന്‍ മാത്രം ആ ഇളം മനസ് പരുവപ്പെട്ടിട്ടില്ലല്ലോ. മാത്രമല്ല പ്രഭാതം വിടരുമ്പോഴേക്ക് ആട്ടിന്‍ പറ്റവുമായി സ്വന്തം ലോകത്തേക്ക് യാത്രയായാല്‍ ഇരുട്ടിയിട്ടേ പതിവായി തിരിച്ചെത്തുമായിരുന്നുള്ളൂ. അതിനാല്‍ നാട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ സജീവസാന്നിദ്ധ്യമാവാന്‍ സാധിച്ചതുമില്ല.

അങ്ങനെയിരിക്കെ ഒരുദിവസം പ്രഥമദൃഷ്ട്യാ തന്നെ മാന്യന്മാരെന്ന് തോന്നിക്കുന്ന രണ്ട് പേര്‍ അതുവഴി വന്നു. ദൂരെ നിന്നാണ് വരവ്. ഇരുവരും ക്ഷീണിതരാണെന്ന് കണ്ടാലറിയാം. ചുണ്ടും തൊണ്ടയും വരണ്ട് ദാഹിച്ച് പരവശരായിരിക്കുന്നു…വന്ന പാടെ ബാലനെ അഭിവാദ്യം ചെയ്തുകൊണ്ടവര്‍ ചോദിച്ചു: ‘മോനേ വല്ലാത്ത ദാഹം, അല്‍പം ആട്ടിന്‍ പാല്‍ കറന്നു തരാമോ?’

ഇടയന്‍ പറഞ്ഞു: ‘സാധ്യമല്ല, കാരണം ആടുകള്‍ എന്റേതല്ല, എന്നെ യജമാനന്‍ വിശ്വസിച്ചേല്‍പിച്ചതാണ്’.

മറുപടിയിലെ നിഷ്കളങ്കതയും സത്യസന്ധതയും ഗ്രഹിച്ച ആഗതരുടെ മുഖം പ്രസന്നമായി. അവരിലൊരാള്‍ പറഞ്ഞു:

‘ശരി, എന്നാല്‍ പ്രസവിച്ചിട്ടില്ലാത്ത ഒരാടിനെ കാണിച്ച് തരൂ’

അടുത്തു തന്നെയുണ്ടായിരുന്ന ഒരാട്ടിന്‍ കുട്ടിയെ അവന്‍ ചൂണ്ടിക്കാണിച്ചു. ആഗതന്‍ ആട്ടിന്‍കുട്ടിയെ പിടിച്ച് ഒരിടത്ത് കെട്ടിയ ശേഷം ബിസ്മി ചൊല്ലി അതിന്റെ അകിട് തടവിക്കൊണ്ടിരുന്നു. വിചിത്രമായ ആ പ്രവൃത്തി കണ്ട് കൌതുകം ഹൃദയത്തില്‍ കിനിഞ്ഞു വന്നു.

എന്നാല്‍ സംഭവിച്ചതെന്താണ്. ആട്ടിന്‍കുട്ടിയുടെ അകിടതാ വീര്‍ത്തുവരുന്നു. ഉടനെ അപരന്‍ കുഴിഞ്ഞ ഒരു കല്‍പാളി എടുത്തു കൊടുത്തു. അതിലേക്ക് പാല്‍ കറന്നെടുത്തു. സമൃദ്ധമായ ക്ഷീരപ്രവാഹം!! അവരിരുവരും കുടിച്ചുദാഹം തീര്‍ത്ത ശേഷം ഇടയബാലനും നല്‍കി. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ അന്ധാളിച്ചു നില്‍ക്കുകയാണവന്‍.

എല്ലാവരും ആവോളം മൊത്തിക്കുടിച്ചു. ക്ഷീണവും ദാഹവും അപ്രത്യക്ഷമായി. ശേഷം ആ ദിവ്യതേജസ്വിയായ മനുഷ്യന്‍ അകിടിനോട് പൂര്‍വ്വാവസ്ഥയിലാവാന്‍ ആജ്ഞാപിച്ചു. ഉടനെ അത് സങ്കോചിക്കാന്‍ തുടങ്ങി. അല്‍പസമയം കൊണ്ട് പഴയ പടിയായി. അതില്‍ നിന്നാണ് പാല്‍ കറന്നതെന്ന് പറഞ്ഞാല്‍ മറ്റാരും വിശ്വസിക്കില്ല. അന്നേരം ആ മഹദ്പുരുഷനോട് ആട്ടിടയന്‍ ചോദിച്ചു: ‘നിങ്ങള്‍ നേരത്തെ ചൊല്ലിയ വചനങ്ങള്‍ എന്നെയൊന്ന് പഠിപ്പിക്കുമോ?’

മഹാപുരുഷന്‍ അരുളി: ‘നീ ജ്ഞാനിയാകും മോനേ!’

ഇതായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)എന്ന ഇടയബാലന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്. ആ മഹാന്മാര്‍ ഒന്ന് മുത്തുനബി(സ്വ)യും മറ്റേത് അബൂബക്ര്‍ സിദ്ധീഖ്(റ)വുമായിരുന്നു. ഖുറൈശികളുടെ ശല്യം സഹിക്കാതായപ്പോള്‍ മക്കയുടെ മലയോരങ്ങളിലേക്ക് പുറപ്പെട്ടതായിരുന്നു അവര്‍.

ചെറുപ്പക്കാരന്‍ ഇവരില്‍ വല്ലാതെ ആകൃഷ്ടനായത് പോലെ തന്നെ അവര്‍ക്ക് ബാലന്റെ സത്യസന്ധതയിലും മനക്കരുത്തിലും നല്ല മതിപ്പുണ്ടായി. ശോഭനമായ ഭാവിക്കുടമായണവന്‍ എന്നര്‍ക്ക് മനസ്സിലായി.

അധികം വൈകാതെ തന്നെ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)മുസ്ലിമായിത്തീരുകയും തന്നെ സേവകനായി സ്വീകരിക്കണമെന്ന് നബി(സ്വ)യോടപേക്ഷിക്കുകയും ചെയ്തു. അവിടുന്ന് ആ അപേക്ഷ സ്വീകരിച്ചു. അന്നുമുതല്‍ മിണ്ടാപ്രാണികളുടെ മേയ്ക്കല്‍ മാറ്റി അശ്റഫുല്‍ ഖല്‍ഖ്(സ്വ)യുടെ പരിചാരകനായി ചരിത്രം അദ്ദേഹത്തെ വാഴ്ത്തി.

ഇബ്നുമസ്ഊദ്(റ)മുത്തുനബി(സ്വ)യെ നിഴല്‍ പോലെ പിന്തുടര്‍ന്നു. നാട്ടിലും വീട്ടിലും പുറത്തും അദ്ദേഹം ഒപ്പമുണ്ടാകും. തിരുനബി(സ്വ)കുളിക്കുമ്പോള്‍ മറപിടിച്ചു നില്‍ക്കുക, പുറത്തേക്കിറങ്ങുമ്പോള്‍ ചെരിപ്പ് ധരിപ്പിച്ച് കൊടുക്കുക, അകത്തേക്ക് വരുമ്പോള്‍ അത് അഴിച്ച് പിടിക്കുക, ബ്രഷും വാക്കിംഗ് സ്റ്റിക്കും കൈവശം വെക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് സ്വന്തം. അവിടുന്ന് റൂമിലേക്ക് പ്രവേശിക്കുമ്പോള്‍ കൂടെ ഇബ്നുമസ്ഊദു ണ്ടാകും. മാത്രമല്ല എപ്പോള്‍ വേണമെങ്കിലും നിസ്സങ്കോചം അകത്തേക്ക് കടന്നുവരാന്‍ നബി(സ്വ)അദ്ദേഹത്തിന് പ്രത്യേകം അനുമതി നല്‍കിയിരുന്നു. അങ്ങനെ മുത്ത്നബി(സ്വ)യുടെ രഹസ്യസൂക്ഷിപ്പുകാരന്‍ എന്നദ്ദേഹം അറിയപ്പെട്ടു.

തിരുനബിയുടെ വീട്ടില്‍ അബ്ദുല്ലാഹ്(റ)വളര്‍ന്നു വന്നു. അവിടുത്തെ സ്വഭാവങ്ങളെല്ലാം തന്റെയും ജീവിതത്തിലേക്കദ്ദേഹം പകര്‍ത്തി. രൂപഭാവത്തിലും സ്വഭാവവൈശിഷ്ട്യത്തിലുമെല്ലാം മുത്തുനബിയുടെ പകര്‍പ്പായിരുന്നു ഇബ്നുമസ്ഊദ് എന്നാണ് ദൃക്സാക്ഷികളുടെ വിവരണം.

നബി(സ്വ)യുടെ പാഠശാലയില്‍ നിന്നാണദ്ദേഹം വിദ്യ നുകര്‍ന്നത്. അതിനാല്‍ ഖുര്‍ആന്‍ പാരായണത്തിലും വ്യാഖ്യാനത്തിലുമെല്ലാം സ്വഹാബത്തില്‍ വെച്ച് ഏറ്റവും അഗ്രഗണ്യനായിത്തീര്‍ന്നു. ഒരു സംഭവം കാണുക:

അറഫഃയാണ് രംഗം…. ഉമറുല്‍ഫാറൂഖ്(റ)അറഫഃയില്‍ നില്‍ക്കുമ്പോള്‍ ഒരു വ്യക്തി അദ്ദേഹത്തെ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു:

‘അമീറുല്‍ മുഅ്മിനീന്‍! ഞാന്‍ കൂഫയില്‍ നിന്നാണ് വരുന്നത്. അവിടെ ഒരു വ്യക്തിയുണ്ട്. ഖുര്‍ആനും വ്യാഖ്യാനങ്ങളും ജനങ്ങള്‍ക്ക് മനപാഃഠം പറഞ്ഞുകൊടുക്കുന്നയാളാണദ്ദേഹം.’

ഇത് കേട്ട ഉമര്‍(റ)വിന്റെ കോപം കത്തിജ്വലിച്ചു. മുഖത്തേക്ക് രക്തം ഇരച്ചുകയറി.

അദ്ദേഹം ആക്രോശിച്ചു: ‘ആരെടാ അവന്‍’

ആഗതന്‍ പറഞ്ഞു: ‘അബ്ദുല്ലാഹിബ്നു മസ്ഊദ്’

ഈ മറുപടി മരുഭൂമിയിലെ കുളിര്‍മഴയായി. ഉമര്‍(റ) നിമിഷനേരം കൊണ്ട് ശാന്തനായിക്കഴിഞ്ഞു. അനന്തരം അവര്‍ പറഞ്ഞു:

‘നീ എന്ത് വിചാരിച്ചു…? അക്കാര്യം ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഒരേയൊരാളെ ഇപ്പോള്‍ എന്റെ അറിവിലുള്ളൂ. അത് ഇബ്നുമസ്ഊദ്(റ) ആണ്. കാരണം ഞാന്‍ വിവരിച്ചുതരാം.’

ഒരു രാത്രി തിരുനബി(സ്വ) സിദ്ദീഖ്(റ) വിന്റെ വീട്ടില്‍ ചെന്നു. മുസ്ലിംകളുടെ ക്ഷേമ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണുദ്ദേശം. ഞാനും കൂടെയുണ്ട്. അല്‍പം കഴിഞ്ഞ് തിരുനബി(സ്വ)യോടൊപ്പം ഞങ്ങള്‍ പുറത്തുപോയി. പള്ളിക്കടുത്തെത്തിയപ്പോള്‍ ഒരാള്‍ അകത്ത് നിസ്കരിക്കുന്നത് കണ്ടു. ഇരുട്ടില്‍ ആളെ വ്യക്തമല്ല. സുന്ദരമായി ഖുര്‍ആന്‍ ഓതുകയാണയാള്‍. അന്നേരം നബി(സ്വ) ഞങ്ങളോട് പറഞ്ഞു:

‘ഖുര്‍ആന്‍ തനിമയോടെ പാരായണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇബ്നുഅബ്ദിഉമ്മിനെ അനുകരിച്ചു കൊള്ളട്ടെ…!’

ശേഷം ഇബ്നുമസ്ഊദ് ഇരുന്ന് ദുആ ചെയ്യാനാരംഭിച്ചു. അപ്പോള്‍ മുത്തുറസൂല്‍ പറഞ്ഞുകൊണ്ടിരുന്നു:

‘ചോദിക്കുക, നല്‍കപ്പെടും, ചോദിക്കുക, നല്‍കപ്പെടും.’

ഉമര്‍(റ) തുടരുന്നു: നാളെ അതിരാവിലെ ഈ സന്തോഷവാര്‍ത്തയും നബി(സ്വ) ആമീന്‍പറഞ്ഞതുമെല്ലാം ഇബ്നുമസ്ഊദിനെ കണ്ട് അറിയിക്കണമെന്ന് ഞാനുറച്ചു. അങ്ങനെ രാവിലെ നേരത്തെത്തന്നെ സന്തോഷവൃത്താന്തവുമായി ഞാനവിടെയെത്തി. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴാണറിഞ്ഞത് ഇക്കാര്യമെല്ലാം അബൂബക്ര്‍ എന്റെ മുമ്പേ വന്ന് പറഞ്ഞിരിക്കുന്നു എന്ന്…. അല്ലാഹു സത്യം. ഏതെങ്കിലും നല്ല കാര്യത്തിനു വേണ്ടി ഞാനും അബൂബക്റും മല്‍സരിക്കാനിടവന്നാല്‍ അതില്‍ ജേതാവ് അബൂബക്ര്‍ തന്നെയായിരിക്കുമെന്നാണനുഭവം.

ഇബ്നുമസ്ഊദിന്റെ ഒരു വാക്കില്‍ നിന്നു തന്നെ ഖുര്‍ആനിനെ കുറിച്ചുള്ള തന്റെ പാണ്ഢിത്യത്തിന്റെ ആഴം അളക്കാവുന്നതാണ്. അദ്ദേഹം പറയുന്നു:

‘ഏകഇലാഹ് തന്നെയാണ് സത്യം, ഖുര്‍ആനിലെ ഏതൊരു സൂക്തവും എവിടെ അവതരിച്ചു…? ഇറങ്ങിയ പശ്ചാത്തലമെന്ത്…? എന്നെല്ലാം എനിക്ക് നല്ല ബോധ്യമുണ്ട്. ഖുര്‍ആനില്‍ എന്നെക്കാള്‍ പാണ്ഢിത്യമുള്ള ഒരാള്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ ഞാനങ്ങോട്ട് പോകുമായിരുന്നു.’

ഈ ആത്മകഥാംശം അതിശയോക്തിപരമായിരുന്നില്ല. തെളിവുകളുണ്ട്. വന്ദ്യരായ ഉമര്‍ (റ) ഒരു യാത്രയിലാണ്. സന്ധ്യയായി. അപ്പോള്‍ ഒരു യാത്രാസംഘം അതുവഴി വന്നു. ഉമര്‍(റ) ചോദിച്ചു: ‘നിങ്ങള്‍ എവിടെ നിന്നുവരുന്നു’.

സംഘത്തില്‍ നിന്നൊരാള്‍ പറഞ്ഞു: ‘ഫജ്ജുല്‍അമീഖി(വിദൂരദിക്ക്)ല്‍ നിന്ന്.’

ഉമര്‍(റ) വീണ്ടും ചോദിച്ചു: ‘എവിടെക്കാണ്.’

മറുപടി: ‘ബൈതുല്‍അതീഖി(കഅ്ബ)ലേക്ക്.’

ഉമര്‍(റ) പറഞ്ഞു: ‘അവരില്‍ ഒരു പണ്ഢിതനുണ്ട്’ (കാരണം നേരത്തെ പറഞ്ഞ മറുപടികളെല്ലാം ഹജ്ജുസംബന്ധമായ ഖുര്‍ആന്‍ വാക്യം കടമെടുത്തുകൊണ്ടായിരുന്നു).

ശേഷം സ്വന്തം അണികളില്‍ ഒരാളെ വിളിച്ച് പ്രസ്തുത സംഘത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉമര്‍(റ) പറഞ്ഞു. ഖലീഫഃയുടെ ചോദ്യങ്ങള്‍ ഇപ്രകാരമായിരുന്നു:

‘ഖുര്‍ആനിലെ ഏറ്റവും മഹത്തായ സൂക്തമേത്?

മറുപടി: ‘അല്ലാഹു ലാഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂം. ലാതഅ്ഖുദുഹൂ സിനതുന്‍ വലാ നൌം (സര്‍വ്വസംരക്ഷകനായ അല്ലാഹു മാത്രമാണാരാധ്യന്‍. അവനെ നിദ്ര പിടികൂടുകയില്ല).’

ചോദ്യം: ‘ഖുര്‍ആനിലെ ഏറ്റവും വലിയ ത്വാത്വികവചനമേത്?’

മറുപടി: ‘ഇന്നല്ലാഹ യഅ്മുറു ബില്‍അദ്ലി…..(അല്ലാഹു നീതിയും കാരുണ്യവും ചെയ്യാനും കുടുംബബന്ധുക്കളെ സഹായിക്കാനും കല്‍പിക്കുന്നു.)’

ചോദ്യം: ‘ശരി, ഖുര്‍ആനിലെ ഏറ്റവും സമ്പൂര്‍ണ്ണമായ വാക്യമേത്?’

മറുപടി: ‘ഫമന്‍ യഅ്മല്‍ മിസ്ഖാല….. (നന്മയും തിന്മയും അതിസൂക്ഷമമാണെങ്കില്‍ പോലും അതിന്റെ ഫലം അനുഭവിക്കുന്നതാണ്.)’

ചോദ്യം: ‘എങ്കില്‍ ഏറ്റവും കൂടുതല്‍ ഭയാശങ്കകള്‍ ഉളവാക്കുന്ന ആയത്ത് ഏതാണ് ഖുര്‍ആനില്‍?’

മറുപടി: ‘ലൈസ ബിഅമാനിയ്യികും…. (‘നിങ്ങളും വേദക്കാരുമൊന്നും കരുതും പോലെയല്ല. തിന്മ ചെയ്തവര്‍ തിക്തഫലം അനുഭവിക്കുക തന്നെ ചെയ്യും.)’

ചോദ്യം: ‘ഏറ്റവും പ്രതീക്ഷക്ക് വക നല്‍കുന്ന സൂക്തമോ?’

മറുപടി: ‘ഖുല്‍യാഇബാദിയല്ലദീന…..(ആത്മദ്രോഹം ചെയ്തവരേ, അല്ലാഹുവിന്റെ കാരുണ്യത്തെതൊട്ട് നിരാശരാകരുത്. പശ്ചാത്തപിച്ചവര്‍ക്ക് സര്‍വ്വദോഷങ്ങളും അവന്‍ പൊറുക്കുന്നതാണ്)

അവസാനം ഉമര്‍(റ) ചോദിച്ചു: ‘നിങ്ങളുടെ കൂട്ടത്തില്‍ ഇബ്നുമസ്ഊദ് ഉണ്ടോ?’

സംഘം മറുപടി പറഞ്ഞു:’ഉണ്ട്’.

പണ്ഢിതന്‍, പ്രപഞ്ചപരിത്യാഗി, ആബിദ്, ഖാരിഅ് എന്നിത്യാദി വിശേഷണങ്ങളില്‍ ഒതുങ്ങിയിരുന്നില്ല ആ വ്യക്തിത്വം. ഏതുപ്രതിസന്ധിയും ചങ്കൂറ്റത്തോടെ നേരിടാനുള്ള കരുത്തും മഹാധൈര്യവും ഒത്തിണങ്ങിയ യോദ്ധാവും കൂടിയായിരുന്നു ഇബ്നുമസ്ഊദ്(റ).

തിരുനബി(സ്വ) കഴിഞ്ഞാല്‍ സത്യനിഷേധികളുടെ മുമ്പില്‍ ഖുര്‍ആന്‍ പാരായാണം ചെയ്യാന്‍ ധൈര്യം കാണിച്ച പ്രഥമ മുസ്ലിമായിരുന്നു അദ്ദേഹം. സംഭവമിങ്ങനെയാണ്.

ഒരു ദിവസം സ്വഹാബത്ത് മക്കയില്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഒരു വിഷയം ചര്‍ച്ചക്ക് വന്നു. ഖുര്‍ആന്‍ ഖുറൈശികളുടെ മുമ്പില്‍ വെച്ച് പരസ്യമായി പാരായണം ചെയ്ത് അവരെ കേള്‍പ്പിക്കാന്‍ ആര് സന്നദ്ധമാവും…? ഉടനെ ഇബ്നുമസ്ഊദ്(റ) പറഞ്ഞു:

‘ഞാന്‍ തയ്യാര്‍’

അപ്പോള്‍ മറ്റുള്ളവര്‍ പ്രതികരിച്ചു. ‘നിങ്ങളെ അവര്‍ വല്ലതും ചെയ്തേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അവരുടെ അക്രമം തടയാന്‍ പ്രാപ്തിയുള്ള കുടുംബ ബലമുള്ള ഒരാളെയാണ് അതിനാവശ്യം.’

ഇബ്നുമസ്ഊദ്(റ)വീണ്ടും പറഞ്ഞു: ‘ഞാന്‍ തന്നെ പോയേക്കാം. അല്ലാഹു കാത്തുകൊള്ളും.’

പകലിന്റെ ആദ്യപാദം പിന്നിട്ടു…. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) കഅ്ബയിലേക്ക് പുറപ്പെട്ടു. അദ്ദേഹം ഇബ്രാഹീം മഖാമിനടുത്തെത്തി. ഖുറൈശീ പ്രമുഖരെല്ലാം അവിടെ ഇരിപ്പുണ്ട്. നിവര്‍ന്നു നിന്ന് അത്യുച്ചത്തില്‍ അദ്ദേഹം ഓതാന്‍ തുടങ്ങി.

‘അര്‍റഹ്മാന്‍, അല്ലമല്‍ ഖുര്‍ആന്‍….’

സൂറത്തുര്‍റഹ്മാന്റെ തുടക്കം മുതല്‍ ഇമ്പമാര്‍ന്ന സ്വരത്തിലും ഈണത്തിലും അദ്ദേഹം ഓത്ത് തുടങ്ങി. ഖുറൈശികള്‍ അത് ശ്രദ്ധിച്ചു. ചിലര്‍ ചോദിച്ചു:’എന്താണവന്‍ പറയുന്നത്.’

മറ്റുള്ളവര്‍ പറഞ്ഞു:

‘മുഹമ്മദ് കൊണ്ടുവന്ന വചനങ്ങളാണവ..’

നിഷേധികള്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിന്റെ മേല്‍ ചാടിവീണ് അദ്ദേഹത്തെ തുരുതുരെ പ്രഹരിച്ചു. അന്നേരമൊന്നും അവര്‍ ഖുര്‍ആന്‍ പാരായണം നിര്‍ത്തിയില്ല. അവസാനം ക്ഷീണിച്ചവശനായി അദ്ദേഹം സഹപ്രവര്‍ത്തകരുടെ അടുത്തെത്തി. പലയിടത്തും മുറിഞ്ഞ് രക്തം ഒഴുകുന്നുണ്ടായിരുന്നു. ആ ദയനീയാവസ്ഥ കണ്ട സുഹൃത്തുക്കള്‍ പറഞ്ഞു:

‘ഇങ്ങനെ വല്ലതും സംഭവിച്ചേക്കുമെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നില്ലേ ഇബ്നുമസ്ഊദ്?’

അദ്ദേഹം മറുപടി പറഞ്ഞു:

‘അല്ലാഹുവാണ് സത്യം, അല്ലാഹുവിന്റെ ശത്രുക്കളെ തരിമ്പും കൂസാത്ത മനക്കരുത്ത് ഇപ്പോഴുള്ളത്ര എനിക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. നാളെയും അവരുടെ മുമ്പിലെത്തി ഇതാവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്.’

സുഹൃത്തുക്കള്‍ പറഞ്ഞു:

‘വേണ്ട ഇബ്നുമസ്ഊദ്, അവരുടെ അസഹിഷ്ണുതക്ക് നല്ല മറുപടി നിങ്ങള്‍ നല്‍കിക്കഴിഞ്ഞിരിക്കുന്നു.’

മൂന്നാം ഖലീഫ ഉസ്മാനുബ്നുഅഫ്ഫാന്‍(റ)വിന്റെ ഭരണകാലം വരെ ഇബ്നുമസ്ഊദ് ജീവിച്ചു. അവര്‍ മരണാസന്നനായപ്പോള്‍ ഖലീഫഃ സന്ദര്‍ശിക്കാന്‍ വന്നു. അദ്ദേഹം ചോദിച്ചു:

‘ഇബ്നുമസ്ഊദ്, എന്നോട് നിങ്ങള്‍ക്കെന്താണു ബോധിപ്പിക്കാനുള്ളത്?’

ഇബ്നുമസ്ഊദ്(റ) പറഞ്ഞു:

‘എന്റെ പാപങ്ങളെ കുറിച്ചാണ്.’

ഖലീഫ ചോദിച്ചു:

‘നിങ്ങള്‍ക്ക് വല്ല ആഗ്രഹങ്ങളുമുണ്ടോ?’

ഇബ്നുമസ്ഊദ്(റ)വിന്റെ മറുപടി:

‘എന്റെ റബ്ബിന്റെ കാരുണ്യം’

ഖലീഫ വീണ്ടും ചോദിച്ചു:

‘വര്‍ഷങ്ങളായി നിങ്ങള്‍ വാങ്ങാന്‍ വിസമ്മതിച്ചിരുന്ന പൊതുഖജനാവില്‍ നിന്നുള്ള വിഹിതം എത്തിച്ചുതരാന്‍ ഞാന്‍ ഏര്‍പ്പാടു ചെയ്യട്ടെയോ?’

ഇബ്നുമസ്ഊദ്(റ) പറഞ്ഞു:

‘എനിക്കതിന്റെ ആവശ്യമില്ല…’

ഖലീഫ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

‘നിങ്ങളുടെ കാലശേഷം പുത്രിമാര്‍ക്ക് അതൊരു ആശ്വാസമായേക്കുമല്ലോ!’

ഇബ്നുമസ്ഊദ്(റ)വിന്റെ മറുപടി:

‘എന്റെ മക്കള്‍ക്ക് ദാരിദ്യ്രം ഭയപ്പെടുന്നുവോ നിങ്ങള്‍? എന്നാല്‍ എല്ലാ രാത്രികളിലും വാഖിഅഃ സൂറത്ത് പതിവായി ഓതാന്‍ ഞാന്‍ അവരോട് കല്‍പിച്ചിരിക്കുന്നു. സൂറത്തുല്‍ വാഖിഅഃ പതിവായി എല്ലാ രാത്രിയിലും ഓതുന്നവര്‍ക്ക് ഒരിക്കലും ദാരിദ്യ്രം പിടിപെടുകയില്ലെന്ന് മുത്തുറസൂല്‍(സ്വ) പറഞ്ഞത് ഞാന്‍ നേരട്ടു കേട്ടിട്ടുണ്ട്.’

ആ പകല്‍ അസ്തമിച്ചപ്പോഴേക്ക് ഖുര്‍ആന്‍ പാരായണത്തിലും ദിക്റിലും വ്യാപൃതമായിരുന്ന ആ ചുണ്ടുകള്‍ നിശ്ചലമായി. നാഥന്‍ അവരെ അനുഗ്രഹിക്കട്ടെ. ആമീന്‍

 

അബൂദര്‍റുല്‍ ഗിഫാരി(റ)

“വിണ്ണിന് താഴെയും മണ്ണിന് മുകളിലുമായി അബൂദര്‍റിനേക്കാള്‍ സത്യവാനായി ഒരു മനുഷ്യനുമില്ല…”റസൂലുല്ലാഹ്(സ്വ).

മക്കാരാജ്യം പുറം ലോകവുമായി ബന്ധപ്പെടുന്ന മാര്‍ഗ്ഗമാണ് ‘വദ്ദാന്‍’ പ്രദേശം. അവിടെയാണ് ഗിഫാര്‍ ഗോത്രക്കാര്‍ വസിക്കുന്നത്. ഖുറൈശികളുടെ കച്ചവടച്ചരക്കുകളുമായി ശാമിലേക്ക് പോയിവരുന്ന യാത്രാസംഘങ്ങള്‍ നല്‍കുന്ന നാണയത്തുട്ടുകള്‍ കൊണ്ട് ആ ഗോത്രം ജീവിച്ചു പോന്നു. തൃപ്തിയാകും വിധം അത് കിട്ടിയില്ലെങ്കില്‍ ഒന്ന് ബലപ്രയോഗം നടത്താനും അവര്‍ മടിച്ചിരുന്നില്ല.

അബൂദര്‍റ് എന്ന പേരിലറിയപ്പടുന്ന ജുന്‍ദുബ്നുജുനാദഃ ഈ ഗോത്രത്തിലാണ്. ധൈര്യം, കൂര്‍മ്മബുദ്ധി, ദീര്‍ഘദൃഷ്ടി എന്നിവ അയാളെ ഇതരരില്‍ നിന്ന് വ്യതിരിക്തനാക്കി. തന്റെ ജനത വിഗ്രഹങ്ങളുടെ മുമ്പില്‍ അനുവര്‍ത്തിക്കുന്ന അധമോപാസന എ പ്പോഴും അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. അറബികളുടെ മൂഢവിശ്വാസങ്ങളെ തനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കെട്ടസംസ്കാരങ്ങളില്‍ നിന്ന് ജനങ്ങളെ കരകയറ്റി, വിവേകവും ബുദ്ധിയും പുനഃസ്ഥാപിച്ച്, ലോകം തമ സ്സ് മാറ്റി പ്രകാശപൂരിതമാക്കുന്ന ഒരു പ്രവാചകന്റെ ഉദയം അദ്ദേഹം പ്രതീക്ഷയോടെ കാത്തിരുന്നു.

കാലചക്രം അനുസ്യൂതം കറങ്ങിക്കൊണ്ടിരുന്നു. ആയിടെ മക്കയില്‍ പ്രത്യക്ഷപ്പെട്ട പുതിയ പ്രവാചകന്റെ വിവരങ്ങള്‍ തന്റെ കുഗ്രാമത്തിലുമെത്തി. അദ്ദേഹം അനുജന്‍ അനീസിനോട് പറഞ്ഞു: ‘അനീസ്…! വേഗം മക്കയിലേക്കു പുറപ്പെടുക! അവിടെയുള്ള ആ മനുഷ്യനെപ്പറ്റി അന്വേഷിക്കുക! ആകാശത്ത് നിന്ന് തനിക്ക് ദിവ്യസന്ദേശം വരുന്നു എന്നാണയാളുടെ വാദം. അയാള്‍ പറയുന്ന വാക്കുകളേതെങ്കിലും മനഃപാഠമാക്കി എന്നെ കേള്‍പ്പിക്കുകയും വേണം !’

അനീസ് യാത്രയായി…നബി(സ്വ)യുമായി സന്ധിക്കുകയും സംസാരിക്കുകയും ചെയ് തു.വാക്കുകള്‍ ശ്രദ്ധിച്ചു മനസ്സിലാക്കി തിരിച്ചെത്തി… ആവേശത്തോടെ അബൂദര്‍റ് അ യാളെ സമീപിച്ച പുതിയ പ്രവാചകനെ കുറിച്ച് താല്‍പര്യപൂര്‍വ്വം ആരാഞ്ഞു. അനീസ് പറഞ്ഞു: ‘മാന്യമായ സ്വഭാവങ്ങള്‍ കൈകൊള്ളാന്‍ ജനങ്ങളെ ഉപദേശിക്കുന്നയാളാണദ്ദേഹം, അദ്ദേഹത്തിന്റെ വാക്കുകള്‍ പദ്യമല്ല, എന്നാല്‍ ഗദ്യവുമല്ല.’

അബൂദര്‍റ് വീണ്ടും ചോദിച്ചു:

‘അയാളെ കുറിച്ച് ജനങ്ങളുടെ അഭിപ്രായമെന്താണ്?’

അനീസ് പറഞ്ഞു:

‘മാന്ത്രികന്‍, ജോത്സ്യന്‍, കവി, എന്നെല്ലാമാണവര്‍ പറയുന്നത്…!’

അബൂദര്‍റ് പറഞ്ഞു:

‘എന്റെ സംശയം തീര്‍ക്കാനും ദാഹം ശമിപ്പിക്കാനും ഇതൊന്നും പോര. നീ കുടുംബത്തിന്റെ കാര്യം ശ്രദ്ധിക്കണം. ഞാന്‍ തന്നെ നേരിട്ട് പോയി അറിഞ്ഞു വരാം..!’

അനീസ് മുന്നറിയിപ്പ് കൊടുത്തു:

‘ശരി, യാത്രയില്‍ മക്കാനിവാസികളെ കരുതിയിരിക്കുക…!’

അബൂദര്‍റ് യാത്രക്കാവശ്യമായ ഭക്ഷണവും ഒരു ചെറിയ പാനപാത്രവും തയാറാക്കി. അടുത്ത ദിവസം അദ്ദേഹം നബി(സ്വ)യെ കാണാന്‍ പുറപ്പെട്ടു. ഭയത്തോടെയാണ് പോക്ക്, കാരണം, മുഹമ്മദുമായി ബന്ധപ്പെടാന്‍ വരുന്നവരാണെന്നറിഞ്ഞാല്‍ അതിക്രൂരമായി അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് ഖുറൈശികളെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ മുഹമ്മദ് നബി(സ്വ)യെക്കുറിച്ചന്വേഷിക്കാന്‍ തന്നെ അദ്ദേഹം ബുദ്ധിമുട്ടി. അഭിമുഖീകരിക്കുന്നത് ശത്രുവോ മിത്രമോ എന്നറിയില്ലല്ലോ…!

സന്ധ്യ…,അബൂദര്‍റ് മസ്ജിദുല്‍ഹറാമില്‍ വിശ്രമിക്കാനായി കിടന്നു. അപ്പോള്‍ അലിയ്യുബ്നുഅബീത്വാലിബ്(റ) അദ്ദേഹത്തിനരികെ വന്നു. ആഗതന്‍ വിദേശിയാണെന്ന് അലി (റ)ക്ക് ബോധപ്പെട്ടു. അലി(റ) അയളോട് പറഞ്ഞു:

‘അല്ലയോ മനുഷ്യാ! എന്നോടൊപ്പം വരൂ.!’

അദ്ദേഹം അലിയോടൊപ്പം തന്റെ വീട്ടിലേക്ക് പോയി അന്ന് രാത്രി അലി(റ)വിന്റെ വീ ട്ടില്‍ താമസം. പ്രഭാതമായപ്പോള്‍ അബൂദര്‍റ് തന്റെ ഭാണ്ഡവുമെടുത്ത് വീണ്ടും പള്ളിയിലേക്ക്…. അവര്‍ പരസ്പരം ഒന്നും ഉരിയാടിയില്ല.

രണ്ടാം ദിവസവും അബൂദര്‍റിന് നബി(സ്വ)യെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. രാത്രിയായപ്പോള്‍ അദ്ദേഹം പള്ളിയില്‍ ഉറങ്ങാന്‍ കിടന്നു. അപ്പോഴും അലി(റ)അതിലെ വന്നു. അദ്ദേഹം ചോദിച്ചു;

‘ഇനിയും എത്തേണ്ടിടം പിടികിട്ടിയില്ലേ….?’

അദ്ദേഹം അതിഥിയെയും കൂട്ടി വീട്ടിലേക്ക് പോയി. അന്നും അവരൊന്നും പരസ്പരം സംസാരിച്ചില്ല. മൂന്നാം ദിവസം രാത്രി… അലി(റ) മൌനം ഭജ്ഞിച്ചു:

‘നിങ്ങളെന്തിനാണ് മക്കഃയില്‍ വന്നത്?’

അബൂദര്‍റ് പറഞ്ഞു:

‘ഞാന്‍ തേടി വന്ന കാര്യത്തിന് നിങ്ങളെന്നെ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രം ഞാന്‍ പറയാം!’

അലി(റ) അങ്ങനെ വാക്ക് കൊടുത്തു.

അബൂദര്‍റ് പറഞ്ഞു:

‘ഞാന്‍ വളരെ ദൂരെ നിന്നാണ് വരുന്നത്. പുതിയ പ്രവാചകനെ കാണലും അദ്ദേഹത്തി ന്റെ വാക്കുകള്‍ കേള്‍ക്കലുമാണ് എന്റെ ലക്ഷ്യം!’

അലി(റ)വിന്റെ മുഖം പ്രസന്നമായി. അദ്ദേഹം പറഞ്ഞു:

‘അല്ലാഹുവാണ് സത്യം, അദ്ദേഹം സത്യപ്രവാചകനാണ്, അവര്‍ ഇന്നാലിന്ന രൂപത്തിലൊക്കെയാണ്…!’

നബി(സ്വ)യുടെ ഗുണഗണങ്ങള്‍ വിവരിക്കുകയാണ് അലി(റ). അവര്‍ അബൂദര്‍റിനോട് പറഞ്ഞു:

‘നേരം പുലര്‍ന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുക, അപകട സാധ്യത തോന്നിയാല്‍ ഞാന്‍ മൂത്രമൊഴിക്കും പോലെ ഓരം ചാരി നില്‍ക്കും. ഞാന്‍ അവിടെനിന്ന് നടന്നു തുടങ്ങിയാല്‍ വീണ്ടും നിങ്ങളെന്നെ പിന്തുടരുക, ഇങ്ങനെ നമുക്ക് ലക്ഷ്യത്തിലെത്താം.’

നബി(സ്വ)യെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ട് അബൂദര്‍റിന് അന്ന് ഉറക്കം വന്നതേയില്ല.

പ്രഭാതം പൊട്ടി വിടര്‍ന്നു. അലി(റ)തന്റെ അതിഥിയെയും കൂട്ടി തിരുനബി(സ്വ)യുടെ ഹള്റത്തിലേക്ക് നടന്നു. അബൂദര്‍റ് ഇടതും വലതും നോക്കാതെ അലി(റ)നെ അനുഗമിച്ചു. അവര്‍ തിരുസന്നിധിയിലെത്തി. അബൂദര്‍റ് സലാം പറഞ്ഞു:

‘അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്’

നബി(സ്വ) മറുപടി പറഞ്ഞു.

താങ്കള്‍ക്കും അല്ലാഹുവിന്റെ രക്ഷയും കാരുണ്യവുമുണ്ടായിരിക്കട്ടെ.

ഇസ്ലാമിന്റെ അഭിവാദ്യമായ സലാം കൊണ്ട് ആദ്യം നബി(സ്വ)യെ അഭിസംബോധന ചെയ്തത് അബുദര്‍റ് ആയിരുന്നു. ശേഷം ആ വാക്കാണ് അഭിവാദ്യത്തിനായി പ്രചാരണത്തില്‍ വന്നത്.

നബി(സ്വ) അബുദര്‍റിനെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ഖുര്‍ആന്റെ ചില ഭാഗങ്ങള്‍ ഓതിക്കൊടുക്കുകയും ചെയ്തു. ഒട്ടും വൈകാതെ അദ്ദേഹം മുസ്ലിമായി. മുസ്ലിമായ ആദ്യബാച്ചിലെ നാലാമത്തെയോ അഞ്ചാമത്തെയോ ആളായിരുന്നു അദ്ദേഹം.

സംഭവങ്ങളുടെ ബാക്കി ഭാഗം അബുദര്‍റ്(റ) തന്നെ വിശദീകരിക്കുന്നു: അതിന് ശേഷം ഞാന്‍ നബി(സ്വ)യുടെ കൂടെ തന്നെ മക്കയില്‍ താമസിച്ചു. അവരെനിക്ക് ഇസ്ലാമിനെകുറിച്ച് പഠിപ്പിച്ചുതന്നു. ഖുര്‍ആന്റെ കുറച്ചുഭാഗവും…. പിന്നീട് നബി(സ്വ)എന്നോട് പറഞ്ഞു.നീ മുസ്ലിമായ വിവരം മക്കയില്‍ ആരും അറിഞ്ഞുപോകരുത്. അവര്‍ നിന്നെ വധിച്ചുകളഞ്ഞേക്കും’!

ഞാന്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! പള്ളിയില്‍ ചെന്ന് ഖുറൈശികളുടെ മുമ്പില്‍ വെച്ച് സത്യസന്ദേശത്തെ ഉച്ചൈസ്തരം പ്രഖ്യാപിച്ചല്ലാതെ ഞാന്‍ മക്കാ രാജ്യം വിടുന്ന പ്രശ്നമേയില്ല…!!’ നബി(സ്വ) മൌനം പാലിച്ചതേയുള്ളൂ.

ഞാന്‍ പള്ളിയല്‍ ചെന്നു. ഖുറൈശീ പ്രമാണിമാരെല്ലാം കൂടിയിരുന്ന് സൊറ പറയുകയാണ്. ഞാന്‍ അവരുടെ മധ്യത്തില്‍ ചെന്ന് അത്യുച്ചത്തില്‍ വിളിച്ച് പറഞ്ഞു:

‘ഖുറൈകളെ! അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.

എന്റെ വാക്കുകള്‍ അവരുടെ കര്‍ണ്ണപുടങ്ങളില്‍ തട്ടിയതും അവര്‍ ചാടിയെണീറ്റു കഴിഞ്ഞു. അവര്‍ പരസ്പരം ആക്രോശിച്ചു:

‘ഇതാ ഈ മതപരിത്യാഗിയെ ശരിപ്പെടുത്തിക്കളയൂ.’

കൊല്ലാനെന്നനിലക്ക് തന്നെ അവരെന്നെ മര്‍ദ്ദിച്ചു. തത്സമയം നബി(സ്വ)യുടെ പിതൃസഹോദരന്‍ അബ്ബാസ്(റ) അവിടെ ചാടിവീണു. അവരില്‍നിന്ന് എന്നെ സംരക്ഷിക്കാനായി അദ്ദേഹം എന്നെ ചേര്‍ത്തു പിടിച്ച് ഖുറൈശികളോട് പറഞ്ഞു:

‘ഹേ! നിങ്ങളെന്താണീ ചെയ്യുന്നത്. നിങ്ങളുടെ വ്യാപാര മാര്‍ഗ്ഗത്തിലുള്ള ഗിഫാര്‍ ഗോത്രക്കാരനായ ഒരാളെ നിങ്ങള്‍ വധിച്ചാല്‍ പിന്നീടുള്ള സ്ഥിതിയെന്താകും.’

ഖുറൈശികള്‍ പിരിഞ്ഞുപോയി. അല്‍പം ഒരാശ്വാസം കൈവന്നപ്പോള്‍ ഞാന്‍ തിരുനബി(സ്വ)യുടെ അടുത്തെത്തി. എന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട മാത്രയില്‍ അവര്‍ ചോദിച്ചു:

‘മുസ്ലിമായ കാര്യം പരസ്യപ്പെടുത്തരുതെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ?’

ഞാന്‍ പറഞ്ഞു: ‘അതെന്റെ ഒരാഗ്രഹമായിരുന്നു. ഞാന്‍ അത് നിറവേറ്റിക്കഴിഞ്ഞു!’

നബി(സ്വ) പിന്നീടെന്നോട് പറഞ്ഞു: ‘ഇനി നിങ്ങള്‍ നാട്ടിലേക്ക് പോവുക! ഇവിടെ നിന്ന് പഠിച്ചതും മനസ്സിലാക്കിയതും അവരോട് പറയുകയും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗ്ഗവും അവര്‍വഴി നല്ല പ്രതിഫലവും തന്നേക്കും. ഇവിടെ ഇസ്ലാം പരസ്യമാവുകയും വിജയിക്കുകയും ചെയ്തു എന്നറിയുമ്പോള്‍ ഇങ്ങോട്ട് തന്നെ തിരിച്ച് വന്നുകൊള്ളുക!’

അബൂദര്‍റ്(റ)തുടര്‍ന്നു പറയുന്നു: ‘ഞാന്‍ എന്റെ നാട്ടിലേക്ക് തിരിച്ചു. ആദ്യമായി എ ന്നെ അഭിമുഖീകരിച്ചത് എന്റെ അനുജന്‍ അനീസയിരുന്നു. അവന്‍ ചോദിച്ചു:

‘എന്തെല്ലാമാണ് വിശേഷങ്ങള്‍?’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ സത്യമതം വിശ്വസിച്ച് മുസ്ലിമായിരിക്കുന്നു.’

അല്ലാഹുവിന്റെ അനുഗ്രഹം! ഒട്ടും വൈകാതെ അവനും പറഞ്ഞു: ‘നിന്റെ മതം തന്നെയാണ് എന്റേതും. ഞാനും ഇതാ സത്യവിശ്വാസിയായിരിക്കുന്നു!’.

ഞങ്ങള്‍ രണ്ട്പേരും കൂടി ഞങ്ങളുടെ മാതാവിനെ സമീപിച്ചു. അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഉടനെയവര്‍ പറഞ്ഞു: ‘മക്കളേ നിങ്ങളുടെ ദീന്‍ തന്നെയാണ് എന്റേതും!’ അങ്ങനെ അവരും സത്യസന്ദേശവാഹകയായിത്തീര്‍ന്നു.

അന്നുമുതല്‍ ഗിഫാര്‍ ഗോത്രക്കാരെ ഇസ്ലാമിന്റെ അനുയായികളാക്കാന്‍ എന്റെ കു ടുംബം അക്ഷീണ പരിശ്രമം നടത്തിക്കൊണ്ടിരുന്നു. അധികം താമസിയാതെ ഒരു വലിയ ജനസമൂഹം തന്നെ മുസ്ലിംകളായിത്തീര്‍ന്നു. സംഘടിതമായി നിസ്ക്കാരം നിര്‍വ്വഹിക്കപ്പെട്ടു. കൂട്ടത്തില്‍പെട്ട മറ്റൊരു വിഭാഗം പറഞ്ഞു:

‘ഞങ്ങള്‍ ഇപ്പോള്‍ പൂര്‍വ്വീകമതം തന്നെ കൈകൊള്ളുന്നു. നബി(സ്വ)മദീനഃയില്‍ വരുമ്പോള്‍ ഞങ്ങളും മുസ്ലിംകളാകും.’

പിന്നീട് നബി(സ്വ)മദീനഃയിലേക്ക് വന്നപ്പോള്‍ അവരെല്ലാം മുസ്ലിംകളായിത്തീര്‍ന്നു. അവിടെവെച്ച് നബി(സ്വ) പറഞ്ഞു: ‘ഗിഫാര്‍! അല്ലാഹു അവര്‍ക്ക് മഗ്്ഫിറത്ത് നല്‍കിയിരിക്കുന്നു. അസ്ലംഗോത്രം! അവര്‍ക്ക് അല്ലാഹു സലാമത്തും നല്‍കി.’

അബൂദര്‍റ്(റ)തന്റെ ഗ്രാമത്തില്‍ തന്നെ ഇസ്ലാമിക പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞു കൂടുകയാണ്. ഉഹ്ദും ഖന്‍ദഖും കഴിഞ്ഞു. അദ്ദേഹം നബി(സ്വ)യുടെ തിരുസന്നിധിയിലെത്തി അദ്ദേഹം അപേക്ഷിച്ചു: ‘തിരുദൂതരെ! എന്നെ അവിടുത്തെ സേവകനായി സ്വീകരിച്ചാലും!’

നബി(സ്വ)സമ്മതിച്ചു. അന്നുമുതല്‍ മുഴുസമയവും നബി(സ്വ)യോട് കൂടെത്തന്നെ ഉണ്ടാവണമെന്ന ദൃഢനിശ്ചയത്തോടെ അവര്‍ ജീവിച്ചു. മഹാനായ നബി(സ്വ)അവരെ പ്രത്യേകം പരിഗണിച്ചു. എപ്പോള്‍ കാണുകയാണെങ്കിലും അവിടുന്ന് ഹസ്തദാനം ചെ യ്യുകയും സന്തോഷം പങ്കിടുകയും ചെയ്തിരുന്നു.

തിരുനബി(സ്വ) വഫാത്തായി. നേതാവും അവരുടെ മഹത്തായ സദസ്സുകളും നഷ്ടപ്പെട്ട മദീന യില്‍ ഒരു നിമിഷം പോലും നില്‍ക്കാന്‍ അബൂദര്‍റ്(റ)വിന് കഴിഞ്ഞില്ല. അദ്ദേഹം ശാമിലെ ഒരു കുഗ്രാമത്തില്‍ പോയി താമസിച്ചു. സിദ്ദീഖുല്‍അക്ബര്‍(റ)വിന്റെയും ഉമറുബ്നുല്‍ഖത്ത്വാബ്(റ)വിന്റെയും ഭരണകാലങ്ങളില്‍ അദ്ദേഹം അവിടെ തന്നെയായിരുന്നു. മൂന്നാം ഖലീഫഃ ഉസ്മാനുബ്നുഅഫ്ഫാന്‍(റ)വിന്റെ ഭരണമാണിപ്പോള്‍.

അബൂദര്‍റ്(റ)ഡമസ്ക്കസിലേക്ക് മാറിത്താമസിച്ചു. മുസ്ലിംകള്‍ ഭൌതികതയിലും സുഖത്തിലും ലയിക്കുന്നത് കണ്ട അദ്ദേഹത്തിന് അതൊരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതിനെതിരെ അവര്‍ ശക്തമായി പ്രതികരിച്ചു. തത്സമയം ഖലീഫഃ അദ്ദേഹത്തെ മദീ യിലേക്ക് ക്ഷണിച്ചു. അവര്‍ മദീനയിലെത്തി.

പക്ഷെ! അവിടെയും ദുന്‍യാവിനോടുള്ള അമിതമായ അഭിനിവേശമാണ് മുസ്ലിംകളില്‍ കണ്ടത്. അത്കൊണ്ട് അദ്ദേഹത്തിന്റെ ത്യാഗിയായ മനസ്സും തന്റെ നിശിതമായ വിമര്‍ ശനം കാരണം മറ്റുള്ള ജനങ്ങളും വീര്‍പ്പുമുട്ടി.

ഖലീഫഃയുടെ നിര്‍ദ്ദേശം അപ്പോള്‍ ആശ്വാസമായി: ‘താങ്കള്‍ തല്‍ക്കാലം റബ്ദഃയിലേക്ക് മാറിത്താമസിക്കണം.’

മദീനഃയിലെ ഒരു കുഗ്രാമമാണ് റബ്ദഃ. അദ്ദേഹം ജനങ്ങളില്‍ നിന്ന് ബഹുദൂരം അകന്ന് റബ്ദഃയില്‍ താമസമാക്കി. ദുന്‍യാവൊട്ടും ആശിക്കാത്ത മഹാനായ നബി(സ്വ)തങ്ങളും കഴിഞ്ഞുപോയ രണ്ട് ഖലീഫഃമാരും വരച്ചുവെച്ച ത്യാഗത്തിന്റെ മാര്‍ഗ്ഗത്തില്‍!

ഒരുദിവസം ഒരാള്‍ അബൂദര്‍റ്(റ)വിന്റെ വീട്ടില്‍ വന്നു. അദ്ദേഹം വീടാകെയൊന്നു ക ണ്ണോടിച്ചു. ജീവിക്കാന്‍ വേണ്ട അത്യാവശ്യസാധനങ്ങളൊന്നും അവിടെ കാണാനില്ല. അദ്ദേഹം ചോദിച്ചു. ‘അബൂദര്‍റ്(റ)! നിങ്ങളുടെ സാമഗ്രികളെല്ലാമെവിടെ?!’

അബൂദര്‍റ്(റ) പറഞ്ഞു: ‘ഞങ്ങള്‍ക്ക് അവിടെ (പാരത്രിക ലോത്ത്) ഒരു വീടുണ്ട്. നല്ല സാധനങ്ങളെല്ലാം അങ്ങോട്ടയക്കുകയാണ് പതിവ്!’

ആഗതന് വാക്കിന്റെ പൊരുള്‍ പിടികിട്ടി. അദ്ദേഹം പറഞ്ഞു: ‘പക്ഷെ! നിങ്ങള്‍ ഈ വീട്ടില്‍ (ദുന്‍യാവ്) താമസിക്കുന്നകാലത്തേക്ക് അത്യാവശ്യം വല്ലതും വേണമല്ലോ?!’

ശാമിലെ അമീര്‍ അബൂദര്‍റ്(റ)വിന് മുന്നൂറ് സ്വര്‍ണ്ണനാണയങ്ങള്‍ കൊടുത്തയച്ചിരുന്നു ആ ഉപഹാരം തിരിച്ചയച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെയടുക്കല്‍ എന്നെക്കാള്‍ നിന്ദ്യനായ ഒരാളെ ശാമിന്റെ അധിപന് കാണാന്‍ കഴിഞ്ഞില്ലേ?!’

ഹിജ്റഃ മുപ്പത്തിരണ്ടാം വര്‍ഷം ആബിദും സാഹിദുമായ മഹാന്‍ വഫാതായി, അല്ലാഹു അവരെ സന്തോഷത്തിലാക്കട്ടെ.

 

Leave a comment